ഗുരു ഇല്ലാത്തവർക്ക് ഗുരുവിനെ ലഭിക്കാന്‍ ഏറ്റവും ഉത്തമം ദത്താത്രേയനെ ഗുരുവായി കണ്ടുകൊണ്ട് വൃതം എടുത്ത് ദത്താത്രേയ മഹാഗുരുവിനെ ആജ്ഞാചക്രത്തില്‍ ധ്യാനിച്ച് ദത്ത ബീജം ജപിക്കുകയും ഗുരുഗീതായും ഗുരു ചരിത്രവും പാരായണം നടത്തുകയും ചെയ്യുക. വെറും നിലത്ത് ഉറങ്ങുകയും (ചാണകം മെഴുകിയ തറ ആണ് ഉത്തമം. പായ ഉപയോഗിക്കാം.) ഒരിക്കല്‍ മാത്രം ഭക്ഷണം കഴിക്കുകയും (ആരോഗ്യപരമായ ബുദ്ധിമുട്ട് ഉള്ളവർക്ക് പാലും മധുര പലഹാരവും കഴിക്കാം.) സ്ത്രീസംയോഗം , മദ്യം , മാംസം ഇവ തൊണ്ണൂറ്റിആറ് ദിവസം വരർജ്ജിക്കുകയും ചെയ്യണം . അഗതികൾക്കും അതിഥികൾക്കും യാചകർക്കും കഴിവിനനുസരിച്ച് ദത്ത സങ്കല്പ്ത്തില്‍ ആഹാരം നല്കണം. വളർത്തു മൃഗങ്ങൾക്കും നായയ്ക്കും കാക്കയ്ക്കും മാതാപിതാക്കൾക്കും ആഹാരം നല്കിയതിന് ശേഷം മാത്രമേ സ്വയം ആഹാരം കഴിക്കാന്‍ പാടുള്ളൂ. ഏതു സമയത്തും ദത്തരൂപം മാത്രം മനസ്സില്‍ ഉണ്ടാവണം. ശ്രദ്ധ , ഭക്തി , വിശ്വാസം , സമർപ്പണം , സത്യം ഇവ പാലിക്കണം. ആരേയും മനസുകൊണ്ടോ വാക്കുകള്‍ കൊണ്ടോ വേദനിപ്പിക്കരുത്. സർവ്വ ജീവജാലങ്ങളിലും ദത്ത ഗുരുവിനെ കാണണം .ജാതി, മതം, വർണ്ണം , ശുദ്ധി , അശുദ്ധി , രാഷ്ട്രീയം തുടങ്ങിയ ചിന്തകള്‍ വർജ്ജ്യം ആണ്. പതിനെട്ടാം ദിവസം മുതല്‍ മാറ്റം വരും. തൊണ്ണൂറ്റിആറാം ദിവസം പൂർണ്ണതയില്‍ എത്തും. ഒന്നുകില്‍ ബാഹ്യ ഗുരു മനുഷ്യ രൂപത്തില്‍ വരും അല്ലെങ്കില്‍ ആവശ്യമായ അറിവുകള്‍ എല്ലാം ആവശ്യമുള്ള സമയത്ത് അവനവനില്‍ തന്നെ തോന്നും. മനുഷ്യരൂപത്തില്‍ ഉള്ള എല്ലാ ഗുരുക്കന്മാരും സ്ഥിരമായി നിൽക്കണം എന്നില്ല. ഗുരുക്കന്മാര്‍ വരുകയും പോവുകയും ചെയ്യും. ഇതുവരെ കേൾക്കാത്ത പല അറിവുകളും അനുഭവങ്ങളും ഉണ്ടാകും. എപ്പോഴും തുണയായി ആ മഹാഗുരു ഉണ്ടാകും. ഗുരു ഉപാസനയ്ക്കും ഈശ്വര ഉപാസനയ്ക്കും അവധൂത ഉപാസനയ്ക്കും ശുദ്ധി , അശുദ്ധി ഇവ ബാധകം അല്ല. എന്നാല്‍ ദേവതാ രൂപത്തില്‍ ഉള്ള ഉപാസനയാണെങ്കില്‍ ശുദ്ധി , അശുദ്ധി ഇവ ബാധകമായും ബാധകം അല്ലാതെയും ചെയ്യാം. ഏത് ഉപാസനയ്ക്കും ജാതി, മതം, വർണ്ണം ഇവ ബാധകം അല്ല. ദത്ത ഉപാസനയില്‍ ജാതി-മതചിന്തകള്‍ വർജ്യമാണ്. തൊണ്ണൂറ്റിആറ് ദിവസത്തിന് ശേഷം മദ്യ-മാംസാദികള്‍ കഴിക്കുന്നത് കൊണ്ടോ സ്ത്രീസംയോഗം കൊണ്ടോ ഒരു ദോഷവും ഇല്ല. തൊണ്ണൂറ്റിആറ് ദിവസം എന്നത് ഒരു അഭ്യാസ കാലം ആണ്. ആ കാലഘട്ടത്തില്‍ നമ്മുടെ ബോധത്തില്‍ മാറ്റം വരാന്‍ വേണ്ടി ചില നിബന്ധനകള്‍ ഉണ്ട് എന്ന് മാത്രം. തൊണ്ണൂറ്റിആറ് ദിവസത്തിന് ശേഷം ദത്ത സ്മരണ മാത്രം മതി. സത്യത്തില്‍ നാം കഴിക്കുന്ന ഭക്ഷണമോ ചെയ്യുന്ന പ്രവൃത്തിയോ ഉപാസനയെ ബാധിക്കുന്നില്ല. പക്ഷേ അങ്ങനെ ബാധിക്കാതിരിക്കണമെങ്കില്‍ നമ്മുടെ ബോധതലത്തില്‍ മാറ്റം ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഈ രീതിയില്‍ ഉപാസന ചെയ്യുന്ന വ്യക്തിയില്‍ മഹാഗുരു പ്രസാദിക്കുകയും ഗുരു ശാപം , സ്ത്രീ ശാപം , ബാലശാപം , ആഭിചാര ദോഷം , സ്ത്രീഹത്യാപാപം , ബാലഹത്യാപാപം , നവഗ്രഹ ദോഷം , ബ്രഹ്മഹത്യാപാപം , മാതൃശാപം , പിതൃശാപം തുടങ്ങിയവ അകലുകയും പിന്നീട് ബാധിക്കാതിരിക്കുകയും ചെയ്യും. ഭൌതികമായും ആത്മീയമായും മാറ്റം ഉണ്ടാകും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക അഭ്യാസ കാലഘട്ടമായ തൊണ്ണൂറ്റിആറ് ദിവസങ്ങളില്‍ കഠിന പരീക്ഷ ഉണ്ടാകാം. ദത്ത സ്മരണയോട് കൂടി ഭസ്മധാരണം നടത്തുകയും രുദ്രാക്ഷം അണിയുകയും പച്ച വസ്ത്രം ധരിക്കുകയും വേണം. നഖം മുറിക്കുന്നതും ക്ഷൌരവും വര്‍ജ്യം ആണ്..